ഹിമായ@തുഖ്ബ
കെ. എം. സി. സി. തുഖ്ബ സെൻട്രൽ കമ്മിറ്റി
കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.) നാല് പതിറ്റാണ്ടിലേറെയായി പ്രവാസലോകത്ത് മലയാളികൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ജീവകാരുണ്യ കൂട്ടായ്മയാണ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായി രൂപംകൊണ്ട കെ.എം.സി.സി. ഇന്ന് ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലുമടക്കം ലോകമെമ്പാടും ശാഖകളുള്ള സംഘടനയായി വളർന്നിരിക്കുന്നു. ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി സഹായം ആവശ്യമുള്ള ഏതൊരാൾക്കും കൈത്താങ്ങാവുക എന്നതാണ് സംഘടനയുടെ കാഴ്ചപ്പാട്.
സൗദി അറേബ്യയിൽ ഒരു ലക്ഷത്തിലധികം അംഗങ്ങളും അഭ്യുദയകാംക്ഷികളുമുള്ള സൗദി കെ.എം.സി.സി., സാമൂഹിക സുരക്ഷാ പദ്ധതികൾ, ചികിത്സാ സഹായം, മൃതദേഹം നാട്ടിലെത്തിക്കൽ, നിയമ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയ മേഖലകളിൽ സജീവമാണ്. ഹജ്ജ് വേളയിൽ ഹറമുകളിലും മിനായിലുമായി മൂവായിരത്തിലധികം വളണ്ടിയർമാർ തീർഥാടകർക്ക് സേവനം ചെയ്യുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ അൽ ഖോബാർ നഗരത്തിന്റെ ഭാഗമായ തുഖ്ബ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഘടകമാണ് കെ.എം.സി.സി. തുഖ്ബ സെൻട്രൽ കമ്മിറ്റി. ടൗൺ, ബയോണിയ, അസീസിയ – അൽ ജിസ്ർ എന്നീ ഏരിയ കമ്മിറ്റികളിലൂടെയാണ് സെൻട്രൽ കമ്മിറ്റി അംഗങ്ങളിലേക്ക് എത്തുന്നത്.
ഹിമായ@തുഖ്ബ സുരക്ഷ പദ്ധതി, നോർക്ക ഹെൽപ്പ് ഡെസ്ക്, ഹിമായ@തുഖ്ബ അദാലത്ത്, സി.എച്ച്. എക്സലൻസി സ്കോളർഷിപ്പ്, ഇൻസൈറ്റ് ലീഡർഷിപ്പ് പ്രോഗ്രാം എന്നിവയാണ് ഞങ്ങളുടെ പ്രധാന പദ്ധതികൾ.
പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്ന കെ എം സി സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഹിമായ@തുഖ്ബ പദ്ധതി. പ്രവാസികളായ നമ്മിൽ വരുന്ന ആകസ്മിക മരണങ്ങൾ കുടുംബങ്ങളെ അനാഥരാക്കുന്നതോടൊപ്പം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇതിന് നമ്മളാൽ കഴിയുന്ന ആശ്വാസം ആ കുടുംബങ്ങൾക്ക് എത്തിക്കുകയെന്നതാണ് ഹിമായ@തുഖ്ബയുടെ ലക്ഷ്യം. ആയതിനാൽ പ്രവാസികളായ നമ്മൾ ഓരോരുത്തരും ഈ പദ്ധതിയിൽ അംഗങ്ങളാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.